Wednesday, May 20, 2015

Gaanamoorthi - Melakartha Ragam 03 - Indu Chakram

മേളകര്‍ത്താപദ്ധതിയിലെ മൂന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗാനസാമവരാളി
പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതു്
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
ഉത്തരാംഗസ്വരം മായാമാളവഗൗളയുടേതു്
പ്രത്യേകത : ഒരു വിവാദിസ്വരം ആയ ശുദ്ധഗാന്ധാരം അടങ്ങിയ വിവാദിരാഗം
പ്രതിമധ്യമരാഗം : ഝാലവരാളി





നാമവിശേഷം

ഗാനങ്ങളുടെ മൂര്‍ത്തി എന്നാല്‍ സംഗീതത്തെ പ്രതിനിധീകരിക്കുന്ന മൂര്‍ത്തി, ശിവന്‍. കടപയാദി പദ്ധതി പ്രകാരം ഗ=3 ന=0, 30 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 03-മതു മേളരാഗം ആണെന്നു മനസ്സിലാക്കാം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം (രത്നാംഗിയിലെ കൈശികിനിഷാദത്തിനു പകരം) എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

ആലപിക്കുവാന്‍ ശ്രമകരമായ വിവാദിദോഷസ്വരമായ ശുദ്ധഗാന്ധാരം ഉള്ളതിനാല്‍ സരിഗ എന്നീ സ്വരങ്ങള്‍ വളരെ അടുത്തടുത്താണു വരുന്നതു്. ഗമകം ഇല്ലാതെ ഗാന്ധാരം നീട്ടി സരിഗാ,മ എന്നു ആലപിച്ചാല്‍ ഈ രാഗം പാടുന്നതു സൗകര്യപ്രദമായിരിക്കും. അതു പോലെ തന്നെ മേല്‍ഷഡ്ജവുമായി ചേര്‍ന്നു നില്‍ക്കുന്ന കാകളിനിഷാദം ആണു് ഈ രാഗത്തിനു വ്യക്തിത്വം കൊടുക്കുന്നതു്. പാടുമ്പോള്‍ ഗമകം ഇല്ലാതെ പധനീ,സ എന്നാലപിക്കേണ്ടതുണ്ടു്. കച്ചേരികളില്‍ ഈ രാഗം പാടുന്നതു് വളരെ വിരളമാണു്. ഇതില്‍ അധികം കീര്‍ത്തനങ്ങള്‍ ഇല്ല താനും.

കീര്‍ത്തനങ്ങള്‍

മഹാവൈദ്യനാഥശിവന്റെ 72 മേളകര്‍ത്താരാഗമാലികയില്‍ 'ഗാനമൂര്‍ത്തി ഋതിഘനശാസ്ത്ര' എന്നു തുടങ്ങുന്ന രണ്ടു വരികള്‍ ഗാനമൂര്‍ത്തി രാഗത്തിലാണു്
ത്യാഗരാജസ്വമികളുടെ 'നാദതനുഅനിശം ശങ്കരം' 'ഗാനമൂര്‍ത്തേ ശ്രീകൃഷ്ണവേണുഗാനമൂര്‍ത്തേ'
കോടീശ്വരയ്യരുടെ 'മധുരസാരസ'
ബാലമുരളികൃഷ്ണയുടെ 'പാഹി ജഗദീശ്വര'

ജന്യരാഗങ്ങള്‍

നാദരഞ്ജനി - സരിമധനിസ - സനിധമഗരിസ
പൂര്‍വ്വവരാളി - സരിമപധസ - സനിധപമഗരിസ
ഭിന്നപഞ്ചമം - സരിഗമപധനിസ - സനിധപമഗരിസ
സാമവരാളി(ഗാനസാമവരാളി) - സരിമപധനിസ - സനിധപമഗരിസ

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.