Showing posts with label Origin and evolution. Show all posts
Showing posts with label Origin and evolution. Show all posts

Tuesday, April 14, 2015

History and evolution of Swaras in Carnatic Music

ലോകത്താദ്യം ഉണ്ടായതു് ശബ്ദമാണെന്ന കാര്യത്തില്‍ ഭാരതീയര്‍ക്കും പാശ്ചാത്യര്‍ക്കും എതിരഭിപ്രായമില്ല. ഭൂമിയുടെ ഇത്ഭവം പോലും ഒരു "Big bang"-ല്‍ ആണെന്നു ശാസ്തജ്ഞരും വാദിക്കുന്നു. ആദിയില്‍ വചനം ഉണ്ടായി, ആ വചനം രൂപം ആയി എന്നു ക്രൈസ്തവര്‍ വിശ്വസിക്കുമ്പോള്‍ ഹൈന്ദവരും ഇതു തന്നെയാണു് മറ്റൊരു വീക്ഷണകോണില്‍ വിശ്വസിച്ചു പോരുന്നതു്. ഓംകാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞു സ്രഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളുടെ രൂപം പൂണ്ടു എന്നു്.

അനാദി കാലം മുതല്‍ക്കേ എല്ലാ ജീവികളേയും സ്വാധീനിച്ചിട്ടുള്ള ഒന്നാണു് നാദം. കിളികളുടെ കളകളനാദം, സിംഹത്തിന്റെ ഗര്‍ജ്ജനം, ആനയുടെ ചിന്നം വിളി, കാട്ടരുവിയുടെ കളകളനാദം, വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍, കാറ്റിന്റെ ചൂളംവിളി എന്നിങ്ങനെ വിവിധ ശബ്ദങ്ങള്‍. കാലക്രമേണ ഓരോ ശബ്ദങ്ങളെയും തിരിച്ചറിയേണ്ടതു് മനുഷ്യന്റെ നിലനില്പിനും ആശയവിനിമയത്തിനും ആവശ്യമായി വന്നു. വന്യജീവികളില്‍ നിന്നും രക്ഷനേടാനായി ആദിമനുഷ്യന്‍ ഉപയോഗിച്ചു പോന്ന ശബ്ദകോലാഹലങ്ങള്‍, പരസ്പരം ആശയവിനിമയത്തിനു് ഉപയോഗിച്ചു പോന്ന ആദി ഭാഷകള്‍, വിനോദത്തിനായി ഉപയോഗിച്ചു പോന്ന വാദ്യശബ്ദകോലാഹലങ്ങള്‍ എന്നിവ ചിട്ടപ്പെടുത്തിയ ഒരു ശൈലിയിലേക്കു നീങ്ങിയപ്പോള്‍ അതു സംഗീതമായി. സ്വന്തം തൊണ്ടയില്‍ നിന്നു മാത്രമല്ല വിവിധ തരം വാദ്യോപകരണങ്ങളിലൂടെ ശബ്ദത്തെ നിയന്ത്രിച്ചു് കേള്‍ക്കാന്‍ ഇമ്പമുള്ള രീതിയില്‍ പ്രയോഗിക്കാന്‍‍ അവന്‍ പഠിച്ചു.

ഭാരതീയ സംഗീതം ആരംഭിക്കുന്നതു് വേദകാലത്താണെന്നാണു സങ്കല്പം. സാമഗാനം ആയിരുന്നു തുടക്കം. നാദബ്രഹ്മം ആയ ഓംകാരം സംഗീതത്തിനു ആധാരമായി സാമവേദഋഷിവര്യര്‍ വിശ്വസിച്ചു പോന്നു. പഞ്ചമുഖനായ ശിവന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും സംഗീതം ഉത്ഭവിച്ചുവെന്നാണു ഋഷിവര്യന്മാര്‍ വിശ്വസിച്ചു പോന്നിരുന്നതു്.

അഞ്ചുമുഖം ഉത്ഭവം ഉപകരണം
സദ്യോജാതം ഭൂമിയും ഗാന്ധാരവും ഭൂമിയില്‍ നിന്നും ചര്‍മ്മവാദ്യമായ മൃദംഗമുണ്ടായി
വാമവേദം ജലവും ധൈവതവും ജലത്തില്‍ നിന്നും ശംഖ് പോലത്തെ വാദ്യം
ആഘോരം അഗ്നിയും ഷഡ്ജവും ഋഥഭവും അഗ്നിയില്‍ നിന്നും വെങ്കലവാദ്യങ്ങള്‍
തത്പുരുഷം വായുവും പഞ്ചമവും വായുവില്‍ നിന്നും സുഷിരവാദ്യങ്ങള്‍
ഈശാനം ആകാശവും നിഷാദവും മധ്യമവും ആകാശത്തില്‍ നിന്നും തന്തിവാദ്യങ്ങള്‍

ദേവപ്രീതിയ്ക്കായി യാഗകര്‍മ്മങ്ങള്‍ക്കുള്ള ഋഗ്‌വേദ മന്ത്രങ്ങള്‍ ഇച്ചരിക്കാനായി ക്രമത്തിലും താളത്തിലും ലയിച്ചും മന്ത്രങ്ങള്‍ ഉപയോഗിച്ചു പോന്നിരുന്നു. അങ്ങനെ സരസ്വതിയുടെ വീണയും സരസ്വതിയും സംഗീതത്തിന്റൈ ദേവതയായി ആരാധിച്ചു പോന്നിരുന്നു. വീണവായനയില്‍ നൈപുണ്യം നേടി ശ്രുതിലയതാളജ്ഞാനം നേടുന്നതു് മോക്ഷപ്രാപ്തിക്കു് ഒരുപായമായി വിശ്വസിച്ചു പോന്നിരുന്നു

തലമുറകളായി കൈമാറിപ്പോന്നിരുന്ന വിവരങ്ങള്‍ കോഡീകരിച്ചു് ഉണ്ടായതാണത്രേ ഇന്നത്തെ കര്‍ണ്ണാടക സംഗീതം. അതിനു അടിസ്ഥാനമായ സ്വരം രാഗം ലയം താളം എന്നിവയുടെ വിധികള്‍ ഭരതന്റെ നാട്ട്യശാസ്ത്രത്തിലും വിശദമായി വിവരിച്ചിട്ടുണ്ടു്. ഷഡ്ജം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്വരങ്ങള്‍ക്കു ജന്മം നല്‍കുന്ന സ്വരം എന്നാണു്. ഓരോ സ്വരങ്ങള്‍ക്കും അതാതിന്റെ ഉത്ഭവത്തെപ്പറ്റി തിരയുമ്പോള്‍ അതു നയിക്കുന്നതു് പക്ഷിമൃഗാദികളിലേക്കും ശരീരഭാഗങ്ങളിലേക്കും ദൈവങ്ങളിലേക്കും ആണു്.


ഉദാത്തം അനുദാത്തം എന്ന രണ്ടേരണ്ടു സ്വരങ്ങളില്‍‍ തുടങ്ങി യുഗയുഗാന്തരം വളരെ അധികം പരിവര്‍ത്തനത്തിലൂടെ കടന്നു പോന്നതിനു ശേഷമാണു് ബ്രഹത്തായ ഈ സംഗീത ശാസ്ത്രം ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നതെന്നോര്‍ക്കേണ്ടിയിരിക്കുന്നു.

ആദ്യം

ആദ്യം ചിട്ടപ്പെടുത്തിയതു് രണ്ടു സ്വരങ്ങള്‍ മാത്രമാണു് - ഉദാത്തം എന്നും അനുദാത്തം എന്നും അതിനെ വിളിച്ചു പോന്നു. മന്ത്രസ്ഥായിലുള്ള 'നി' അനുദാത്തവും മധ്യസ്ഥായിലുള്ള 'രി' ഉദാത്തവും. ഉദാഃ ഓം...


ഋഗ്‌വേദകാലഘട്ടം

കാലക്രമേണ ഈ സ്വരങ്ങള്‍ക്കിടയില്‍ വേറെയും സ്വരങ്ങള്‍ ചിട്ടപ്പെടുത്തപ്പെട്ടു. മദ്ധ്യസ്ഥായിലെ 'സ' എന്ന സ്വരിതവും കൂടി ചേര്‍ന്നു മൂന്നു സ്വരങ്ങള്‍ 'നിസരി' സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗീതം ആയിരുന്നു ഋഗ്‌വേദകാലഘട്ടത്തിലെ സംഗീതം. 'സംഗീതം' എന്ന വാക്കിന്റെ അര്‍ത്ഥം - നല്ല ഗീതം.


സാമഗാനകാലഘട്ടം

ഈ മൂന്നു സ്വരങ്ങളുടെയും രണ്ടറ്റത്തുമായി 'ഗ' യും 'ധ' യും കൂടി ചിട്ടപ്പെടുത്തപ്പെട്ടതോടു കൂടി സാമഗാനകാലഘട്ടം തുടങ്ങുകയായി. സാമഗാനം പാടിയിരുന്നതു് വെറും അഞ്ചു സ്വരങ്ങള്‍ അവരോഹണ ക്രമത്തില്‍ 'ഗ രി സ നി ധ' എന്നായിരുന്നു


ഉപനിഷത്‌കാലഘട്ടം

കാലക്രമേണ ഉപനിഷത് കാലഘട്ടത്തില്‍ രണ്ടു സ്വരങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു 'പ' യും 'മ' യും. അങ്ങനെ സാമഗാനത്തിനു് ഉപനിഷത് കാലത്തു് സംഭവിച്ച പരിഷ്കൃതരൂപമത്രെ ഇന്നത്തെ കര്‍ണ്ണാടക സംഗീതത്തിനു് അടിത്തറ പാകിയ 'സാമസപ്തകം' അധവാ 'സപ്തസ്വരങ്ങള്‍'


ഇതില്‍ ഏഴു സ്വരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അതായതു് അവരോഹണക്രമത്തില്‍ 'മഗരിസ-സനിധപ' ല്‍ അല്ലെങ്കില്‍ ആരോഹണക്രമത്തില്‍ പധനിസ-സരിഗമ. ആദ്യത്തെ പകുതി മന്ത്രസ്ഥായിയും രണ്ടാമത്തെ പകുതി മധ്യസ്ഥായിലും.

കുഴഞ്ഞില്ലേ. ഇല്ല!. വ്യത്യസ്ത സ്ഥായികളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും ഉടലെടുത്തതത്രേ മൂന്നു് സ്ഥായിയില്‍ പാടാനുള്ള ജ്ഞാനം

ഇനിയും ഉണ്ടു് പ്രശ്നങ്ങള്‍. സ്വരങ്ങള്‍ ചിട്ടപ്പെടുന്നതിനു മുമ്പേ തന്നെ സംഗീതം ആരംഭിച്ചിരുന്നില്ലേ?

ശാസ്ത്രീയമായ ഒരു ക്രമീകരണം വന്നതു് സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ശേഷം ആണെന്നു മാത്രം. ചിട്ടപ്പെടുത്തലുകളില്‍ ആദ്യം രാഗം, പിന്നെ സ്വരം, ശ്രുതി, നാദം എന്ന ക്രമത്തില്‍ ആയിരുന്നു. എന്നിരുന്നാലും ഇന്നത്തെ ശാസ്ത്രീയസംഗീത പഠനം പോകുന്ന വഴി നേരേ തിരിച്ചു് നാദം, ശ്രുതി, സ്വരം, രാഗം എന്ന ക്രമത്തിലാണു്

സംഗീത ശാസ്ത്രത്തിനു വീണ്ടും പുരോഗമനമുണ്ടായി എന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ സപ്തസ്വരങ്ങളില്‍ ഷഡ്ജത്തിനും പഞ്ചമത്തിനും ചലനമൊന്നും സംഭവിച്ചില്ലയെങ്കിലും മറ്റു സ്വരങ്ങള്‍ക്കിടയില്‍ വേര്‍തിച്ചു കേള്‍ക്കാവുന്ന മറ്റനേകം ശ്രുതിസ്ഥാനങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവോടുകൂടി വന്നു കര്‍ണ്ണാടക സംഗീതത്തിലെ ദ്വാദശസ്വരങ്ങള്‍ 12-ഉം, ഷോഡശസ്വരങ്ങള്‍16-ഉം അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള 72 മേളകര്‍ത്താരാഗങ്ങളും.

സപ്തസ്വരങ്ങള്‍ ഇരുപത്തിരണ്ടു് !

ദക്ഷിണേന്ത്യന്‍ സംഗീത ശാസ്ത്രം അനുശാസിക്കുന്നതിനുമപ്പുറം സപ്തസ്വരങ്ങള്‍ക്കു് 22 ശ്രുതിഭേതങ്ങള്‍ ഉണ്ടെന്നു വാദിക്കുന്നവരും ഉണ്ടു്. ശരിയായിരിക്കാം. പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന വദ്യോപകരണങ്ങള്‍ക്കു പകരം ഇലക്ട്രോണിക്ക് കീബോര്‍ഡും ശബ്ദതരംഗങ്ങളെ അളക്കുവാന്‍ ഉപകരണങ്ങളും വന്നതോടുകൂടി മേല്‍പ്രസ്താവിച്ചതു ശരിയാണുതാനും. ഒരു ശബ്ദതരംഗത്തെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വച്ചു ഡെസിബല്‍ കണക്കിനു അളന്നു നോക്കുകയും ശബ്ദതരംഗങ്ങളെ കംപ്യൂട്ടര്‍ സ്ക്രീനില്‍ ചാടിക്കളിക്കുന്ന തിരമാലകളെപ്പോലെ ദര്‍ശ്ശിക്കുവാനും സാധിക്കുന്ന ഈ യുഗത്തില്‍ ശ്രുതിസ്ഥാനങ്ങള്‍ 22-ല്‍ ഒതുങ്ങുമോ എന്നതു തന്നെ സംശയം. എന്തൊക്കെയായാലും ആലപിക്കുവാനും ശ്രവിക്കുവാനും ഉള്ളതാണു് സംഗീതം. യന്ത്രങ്ങള്‍ ഉപയോഗിച്ചു അളന്നു എത്ര തന്നെ ശ്രുതിസ്ഥാനങ്ങള്‍ അളക്കുവാന്‍ സാധ്യമാവുകിലും കര്‍ണ്ണാനന്ദകരസംഗീതത്തിനു ഇപ്പോഴും വേര്‍തിരിച്ചു ശ്രവിക്കുവാന്‍ സാധ്യമായ ശ്രുതിസ്ഥാനങ്ങള്‍ ദ്വാദശസ്ഥാങ്ങളായ 12-ല്‍ ഒതുങ്ങും. ഷാഡവസ്വരസ്ഥാനങ്ങളായ 16-ല്‍ പോലും സ്വരസ്ഥാനങ്ങള്‍ 12 മാത്രമേ ഉള്ളു എന്നു സംഗീതവിദ്വാന്മാര്‍ പോലും അംഗീകരിച്ച കാര്യം ആണു്. ആരോഹാവരോഹണ സഞ്ചാരത്തിനിടയില്‍ ഇടവേള സ്വരസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുവെങ്കില്‍ക്കൂടി

22 ശ്രുതിസ്ഥാങ്ങള്‍ അപ്രായോഗികമാണെങ്കിലും അതിന്റെ വക്താക്കള്‍ അവയെ എങ്ങനെ വേര്‍തിരിക്കുന്നുവെന്നറിഞ്ഞിരിക്കുന്നതു് നല്ലതു തന്നെ

ഷഡ്ജം = 1
ഏകശ്രുതി, ദ്വിശ്രുതി, ത്രിശ്രുതി, ചതുശ്രുതി ഋഷഭം = 4
കോമള, സാധാരണ, അന്തര, തീവ്രാന്തര ഗാന്ധാരം = 4
ശുദ്ധ, തീവ്ര, പ്രതി, തീവ്രപ്രതി മധ്യമം = 4
പഞ്ചമം = 1
ഏകശ്രുതി, ദ്വിശ്രുതി, ത്രിശ്രുതി, ചതുശ്രുതി ധൈവതം = 4
കോമള, കൈശികി, കാകളി, തീവ്രകാകളി നിഷാദം = 4

പക്ഷെ മേല്‍പ്പറഞ്ഞ 22 ശ്രുതിസ്ഥാനങ്ങള്‍ കര്‍ണ്ണാടക സംഗീത ശാഖയ്ക്കു് പ്രത്യേകിച്ചു് പ്രയോജനം ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല. 22 ശ്രുതിസ്ഥാനങ്ങള്‍ ഉപയോഗിച്ചു് ഒരു ഗാനം പോലും ചിട്ടപ്പെടുത്തിയിട്ടില്ല താനും.

.