Sunday, April 19, 2015

Basics of Sruthi in Carnatic Music

ഒരു പുതിയ സംഗീതവിദ്യാര്‍ത്ഥി പഠിച്ചുതുടങ്ങുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന ഒന്നാണു് ശ്രുതി എന്ന വാക്കിന്റെ അര്‍ത്ഥം

ഒരു സ്വരം ഒറ്റയ്ക്കായോ തമ്പുരുസ്വരങ്ങളോ രാഗസ്വരങ്ങളോ ചേര്‍ന്നൊരു സ്വരസമൂഹമായോ പുറപ്പെടുവിക്കുന്ന നാദത്തിന്റെ സ്ഥാനം എന്നു മാത്രം പറഞ്ഞാല്‍ ശ്രുതി എന്താണെന്നു മനസ്സിലാക്കാന്‍ സാധിച്ചുവെന്നുവരില്ല. ശബ്ദത്തിന്റെ തീവ്രത (volume) എന്നതും ശ്രുതി (pitch) എന്നതും രണ്ടും രണ്ടാണെന്നു പ്രത്യേകം മനസ്സിലാക്കിയിരിക്കുക.

ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതു് സ്ഥായി എന്നാല്‍ എന്താണെന്നതാണു്. കീബോര്‍ഡിന്റെ ചിത്രം ശ്രദ്ധിക്കുക. ഇതില്‍ മൂന്നു സ്ഥായികള്‍ ഉണ്ടു്.

സരിഗമപധനിസ എന്നിങ്ങനെ 8 സ്വരങ്ങള്‍ ചേരുന്ന സ്വരശ്രംഖലയ്ക്ക് സ്വരാഷ്ടകം (Octave) എന്നാണു് പറയുന്നതു്.

പ്രകൃതി ശ്രുതിയായ ഒന്നില്‍ സ്വരങ്ങളുടെ സ്ഥാനം നമുക്കു് പരിശോധിക്കാം.

ഷഡ്ജം(സ) ഋഷഭം(രി) ഗാന്ധാരം(ഗ) മധ്യമം(മ) പഞ്ചമം(പ) ധൈവതം(ധ) നിഷാദം(നി) എന്നിങ്ങനെ 7 സ്വരങ്ങള്‍ അടങ്ങിയ സ്വരശ്രംഖലയാണു് ഒരു സ്ഥായി. ഒരു സാധാരണ ഹാര്‍മോണിയത്തില്‍ മൂന്നു സ്ഥായികള്‍ ഉണ്ടാവും. അതായതു് ഒരു സ മുതല്‍ രി ഗ മ പ ധ എന്നീ സ്വരങ്ങളിലൂടെ നി വരെ x 3. ഒരു സ്ഥായില്‍ 7 വെളുത്ത കട്ടകളും 5 കറുത്ത കട്ടകളും. ഓരോന്നിനും പ്രത്യേക ശ്രുതിയിലുള്ള സ്വരങ്ങള്‍ ഉണ്ടു്. സ രി1 രി2 ഗ1 ഗ2 മ1 മ2 പ ധ1 ധ2 നി1 നി2 എന്നിങ്ങനെ 12 ശ്രുതിസ്ഥാനങ്ങളാണു് ഹാര്‍മോണിയത്തിലുള്ളതു്.


മന്ത്രസ്ഥായി അധവാ കീഴ്‌സ്ഥായി :

ഏറ്റവും ഇടത്തേ അറ്റത്തെ ആദ്യത്തെ വെളുത്ത കട്ടയായ സ മുതല്‍ ഏഴാമത്തെ വെളുത്ത കട്ടയായ നി വരെ. എഴുതുമ്പോള്‍ ഇവയെ തിരിച്ചറിയാന്‍ വേണ്ടി അക്ഷരത്തിന്റെ അടിയില്‍ ഒരു കുത്തിടും.

മദ്ധ്യസ്ഥായി :

എട്ടാമത്തെ കട്ട സ മുതല്‍ പതിനാലാമത്തെ വെളുത്ത കട്ടയായ നി വരെ. ഈ സ്ഥായിയിലെ സ്വരങ്ങള്‍ എഴുതുമ്പോള്‍ താഴെയോ മുകളിലോ കുത്തിടില്ല.

താരസ്ഥായി അധവാ മേല്‍സ്ഥായി :

പതിനഞ്ചാമത്തെ വെളുത്ത കട്ടയായ ൎസ മുതല്‍ വലതെ അറ്റത്തെ ൎനി വരെ. ഈ സ്ഥായിയിലെ സ്വരങ്ങള്‍ എഴുതുമ്പോള്‍ തിരിച്ചറിയാന്‍ അക്ഷരത്തിനു മുകളില്‍ ഒരു കുത്തിടും.

ചില വാദ്യോപകരണങ്ങളില്‍ മേല്‍ പറഞ്ഞ മൂന്നു സ്ഥായികള്‍ കൂടാതെ താരസ്ഥായിക്കു മുളിലായും മന്ത്രസ്ഥായിയുടെ താഴെയായും പിന്നേയും ഓരോ സ്ഥായികള്‍ ഉണ്ടു്.

അതിതാരസ്ഥായി :

താരസ്ഥായിക്കു മുകളിലായി. എഴുതുമ്പോള്‍ അക്ഷരത്തിനു മുകളില്‍ രണ്ടു കൂത്തു് ഇടും.

അനുമന്ത്രസ്ഥായി :

മന്ത്രസ്ഥായിക്കു താഴെ. എഴുതുമ്പോള്‍ അക്ഷരത്തിനു താഴെ രണ്ടു കൂത്തു് ഇടും.

അങ്ങനെ നമ്മള്‍ 5 സ്ഥായികള്‍ കണ്ടു. പക്ഷെ രണ്ടു സ്ഥായികള്‍ക്കപ്പുറം പാടുവാന്‍ സാധാരണക്കാര്‍ക്കാവില്ല. വളരെ അധികം കഴിവുള്ളവര്‍ക്കു മാത്രമേ 3 സ്ഥായികളില്‍ പൂര്‍ണ്ണമായി സഞ്ചിരിക്കുവാന്‍ ആവുകയുള്ളു. രണ്ടു സ്ഥായികള്‍ പാടുന്നവരാണെങ്കില്‍ മന്ത്രസ്ഥായി പകുതിയും മദ്ധ്യസ്ഥായി പൂര്‍ണ്ണവും താരസ്ഥായി പകുതിയും മാത്രമായി പാടിയാണു് 2 സ്ഥായികള്‍ തികയ്ക്കുന്നതു്.

പ്രകൃതിശ്രുതി :

മുളില്‍ വിവരിച്ച പ്രകൃതിശ്രുതിയായ 1-ല്‍ ആണു് ഒരുവന്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നതു്.

C Sruthi

G Sharp Sruthi

എന്നാല്‍ പെണ്‍കുട്ടികളുടെ നാദത്തിനു വ്യത്യാസം ഉള്ളതിനാല്‍ അവര്‍ അഭ്യസിക്കേണ്ടതു് അവരുടെ പ്രകൃതിശ്രുതിയായ 5 1/2-യില്‍ ആണു്.

അഞ്ചരക്കട്ട ശ്രുതി :

മുകളില്‍ വിവരിച്ചതില്‍ മദ്ധ്യസ്ഥായി സ തുടങ്ങുന്നതു് 1 എന്നു നമ്പര്‍ ഇട്ട എട്ടാമത്തെ വെളുത്ത കട്ടയില്‍ ആണെന്നു നമ്മള്‍ കണ്ടു. ഹര്‍മോണിയത്തിന്റെ ഇടത്തേ അറ്റത്തു നിന്നും അഞ്ചാമതായി വരുന്ന വെളുത്ത കട്ടയ്ക്കു ശേഷം വരുന്ന കറുത്ത കട്ടയാണു് അഞ്ചരക്കട്ട. ഇവിടെ തുടങ്ങുന്നു അഞ്ചരക്കട്ടശ്രുതിയിലെ സ. ഈ അഞ്ചര ശ്രുതി സ്ഥായിയിലെ പ-യുടെ സ്ഥാനം ഒമ്പതാമത്തെ വെളുത്ത കട്ടയ്ക്കു ശേഷം വരുന്ന കറുത്ത കട്ടയിലും, താരസ്ഥായി സ-യുടെ സ്ഥാനം പന്ത്രണ്ടാമത്തെ വെളുത്ത കട്ടയ്ക്കു ശേഷം വരുന്ന കറുത്ത കട്ടയിലും.

അഞ്ചരക്കട്ടയും ഒന്നിലും ശ്രുതിയിടുന്നതിലുള്ള വ്യതാസം വാക്കുകളില്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. അതു രണ്ടും കേട്ടു തന്നെ വ്യത്യാസം മനസ്സിലാക്കേണ്ടിവരും. അതിനു ശ്രുതിപ്പെട്ടിയോ തമ്പുരുവോ ഉപയോഗിക്കാം.

ശ്രുതി ചേര്‍ത്തു പാടുക

എന്നാല്‍ തമ്പുരുവിലോ ശ്രുതിപ്പെട്ടിയിലോ കേള്‍ക്കുന്ന നാദത്തില്‍ ഇഴുകിച്ചേരുംവിധം ശബ്ദം ചേര്‍ത്തു പാടുക എന്നതാണു്. തമ്പുരുവില്‍ മദ്ധ്യസ്ഥായി പഞ്ചമത്തില്‍ ചിട്ടപ്പെടുത്തിയ ഒരു തന്തിയും താരസ്ഥായി ഷഡ്ജത്തില്‍ ചിട്ടപ്പെടുത്തിയ രണ്ടു തന്തികളും മധ്യസ്ഥായി ഷഡ്ജത്തില്‍ ചിട്ടപ്പെടുത്തിയ ഒരു തന്തിയും ഒന്നിനു പിറകെ ഒന്നായി ക്രമത്തില്‍ വിരല്‍ കൊണ്ടു മീട്ടിയും, ഹാര്‍മോണിയത്തില്‍ സപൎസ എന്ന മൂന്നു കട്ടകള്‍ ഒരുമിച്ചു ചേര്‍ത്തമര്‍ത്തിയും ആണു് ശ്രുതി ഇടുന്നതു്.

എന്നാല്‍ പഞ്ചമവര്‍ജ്ജ്യരാഗങ്ങള്‍ ആലപിക്കുമ്പോള്‍ പൎസൎസസ എന്നും സപസ എന്നും മീട്ടുന്നതിനു പകരം മൎസൎസസ എന്നും സമൎസ എന്നും ശ്രുതി ഇടുന്നതായിരിക്കും ഉത്തമം.

ഇതേ പോലെ തന്നെ അവനവന്റെ നാദത്തിനു ഇണങ്ങുന്ന രീതിയില്‍ ശ്രുതി തിരഞ്ഞെടുത്തു് പാടിയാല്‍ മാത്രമേ സ്വരസഞ്ചാരം വ്യക്തമായി ഒരുവനു കൈകാര്യം ചെയ്യുവാന്‍ പറ്റുകയുള്ളു. മദ്ധ്യസ്ഥായിയുടെ സ്ഥാനം മുകളിലോട്ടോ താഴോട്ടോ മാറുന്നതിനനുസരിച്ചു് ശ്രുതി മാറും എന്നു ചുരുക്കം.

സ്ഥായിയുടെ കാര്യത്തില്‍ മാത്രമല്ല സ്വരങ്ങളുടെ കാര്യത്തിലും ഓരോ സ്വരത്തിനും അതാതിന്റെ സ്ഥാനം ഉണ്ടു്. അങ്ങനെയുള്ള സ്ഥാനത്തിനും ശ്രുതിസ്ഥാനം എന്നാണു പറയുന്നതു്. സ്വരങ്ങളെ ശ്രുതിശുദ്ധമായി പാടുക എന്നു പറയുന്നതും ഇതു തന്നെ.

സ്ഥായിയുടെ സ്ഥാനമോ സ്വരങ്ങളുടെ സ്ഥാനമോ തെറ്റി അവയുമായി ചേരാതിരുന്നാല്‍ ശ്രുതി മാറി എന്നും പറയും. കൂടുതലായാലും കുറഞ്ഞു പോയാലും തെറ്റു തന്നെ.

ഏതൊരു രാഗം എടുത്താലും രാഗത്തില്‍ അടങ്ങിയിരിക്കുന്ന ശ്രുതികള്‍ സ്വരങ്ങളായും വര്‍ജ്ജ്യസ്വരങ്ങള്‍ സ്വരം ഇല്ലാതെ ശ്രുതി മാത്രമായും അവശേഷിക്കും. രാഗത്തിലെ ഗമകങ്ങളിലൂടെയും രാഗങ്ങളിലെ വിശിഷ്ടസഞ്ചാരങ്ങളായ സംഗതികളിലൂടെയും സ്വരങ്ങള്‍ക്കിടയിലുള്ള ശ്രുതികളിലൂടെയാണു് ഗാനത്തിനു ഭാവവ്യത്യാസം വരുന്നതു്.

ശ്രുതിപ്പെട്ടി

ഹാര്‍മോണിയത്തിലെ ശ്രുതിസ്ഥാനങ്ങള്‍ ശുദ്ധമാണെന്നതിനാല്‍ ശ്രുതി ചേര്‍ക്കാന്‍ അതു നല്ലതാണു്. പക്ഷെ കര്‍ണ്ണാടക സംഗീത കച്ചേരികളില്‍ അതിനു സ്ഥാനം ലഭിക്കാതിരുന്നതിനു പ്രധാന കാരണം മുകളില്‍ വിവരിച്ചതാണു്. കമ്പിതവാദ്യങ്ങള്‍ ശ്രുതിശുദ്ധമായി ചിട്ടപ്പെടുത്തി എടുക്കേണ്ടതുണ്ടെങ്കിലും ഒരു സ്വരത്തില്‍ നിന്നും മറ്റൊരു സ്വരത്തിലേക്കുള്ള സഞ്ചാരം കുറച്ചു കൂടി വ്യക്തമായി ലയിച്ചു ചേരുവാന്‍ വയലിനിലും വീണയിലും എളുപ്പമാണു്.

ശാസ്ത്രീയസംഗീതം അഭ്യസിക്കുവാന്‍ ഹര്‍മോണിയത്തിനേക്കാള്‍ നല്ലതു് വയലിന്‍ തന്നെ. പക്ഷെ സ്വരസ്ഥാനങ്ങള്‍ക്കു് പ്രത്യേകം അടയാളം വയലിനില്‍ ഇല്ലാത്തതിനാല്‍ നാദം ശ്രവിച്ചുകൊണ്ടുതന്നെ ശ്രുതിസ്ഥാനം കൃത്യമാക്കേണ്ടതുണ്ടു്. ഒരു തുടക്കക്കാരനു് ഇതു് അത്ര എളുപ്പമുള്ളതല്ല. വളരെ നാളത്തെ പരിശ്രമവും ക്ഷമയും ഇതിനു ആവശ്യമുണ്ടു്.

എന്നിരിന്നാലും ഹര്‍മോണിയത്തിലെ ശ്രുതിയ്ക്കു് മാറ്റം സംഭവിക്കാതിരിക്കും എന്ന കാരണത്താല്‍ മറ്റു വാദ്യോപകരണങ്ങള്‍ക്കു് ശ്രുതി ചേര്‍ക്കാനും ശാസ്ത്രീയസംഗീതം അഭ്യസിക്കന്നതിനു ശ്രുതി ഇടാനും ഹാര്‍മോണിയം ഉപയോഗിക്കപ്പെടുന്നുണ്ടു്. സപസ എന്നോ സമസ എന്നോ ഉള്ള കീകള്‍ ഒരേ സമയത്തു് അവര്‍ത്തിപ്പിടിച്ചാണു ഹര്‍മോണിയം ഉപയോഗിച്ചു ശ്രുതി ഇടുന്നതു്. തമ്പുരുവിനെ അപേക്ഷിച്ചു് ഇടയിലുള്ള സ്വരങ്ങളുടെ ശ്രുതി ശ്രവിക്കുവാനാവില്ല.

ഡിജിറ്റല്‍ ശ്രുതിപ്പെട്ടി


തമ്പുരു ശ്രുതി

ശ്രുതി ഇടാന്‍ ഏറ്റവും ഉത്തമം തമ്പുരു ആണു്. പക്ഷെ അതു ആദ്യം ശ്രുതി ചേര്‍ത്തു റ്റ്യൂണ്‍ ചെയ്യേണ്ടതുണ്ടു്.

തമ്പുരുവില്‍ നാലു തന്തികള്‍ ആണുള്ളതു്. പഞ്ചമം, സാരണ, അനുസാരണ, മന്ദ്രം എന്ന ക്രമത്തിലാണു് ഇതു മീട്ടുന്നതു്.

കുടം വലതു വശം വരും വിധം വിലങ്ങനെ മലര്‍ത്തി കിടത്തി വച്ചാണു് ശ്രുതി ചേര്‍ക്കുന്നതു്.

ഇടതു കൈ കൊണ്ടു ബെരഡകള്‍ അയച്ചും മുറുക്കിയും വലതു കൈവിരല്‍ കൊണ്ടു മീട്ടിയും ആദ്യം മദ്ധ്യത്തിലെ രണ്ടു കമ്പികളും താരസ്ഥായി ഷഡ്ജത്തില്‍ ശ്രുതി ചേര്‍ക്കണം. തുടര്‍ന്നു ശ്രുതി ചേര്‍ക്കുന്ന ആളിന്റെ അടുത്തു നിന്നും നാലാമത്തെ തന്തി മദ്ധ്യസ്ഥായി പഞ്ചമത്തിലും ഒടുവില്‍ ആദ്യത്തെ തന്തി മദ്ധ്യസ്ഥായി ഷഡ്ജത്തിലും ശ്രുതി ചേര്‍ക്കണം. കൂടുതല്‍ ശുദ്ധമായി ശ്രതി ചേര്‍ക്കാന്‍ മണിക്കായകള്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കി ചില്ലറ ക്രമീകരണം വരുത്താവുന്നതാണു്.

ബ്രിഡ്ജിന്റെ മീതെ മുറുകി നില്‍ക്കുന്ന കമ്പികളുടെ ഇടയില്‍ ഇട്ടിരിക്കുന്ന നൂല്‍ക്കഷണങ്ങള്‍ തംബുരുവിന്റെ നാദത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും

തമ്പുരു മീട്ടാനിരിക്കുന്ന ആളുടെ വലതുവശത്തായി കുടം വലതു തുടയില്‍ കുത്തനെ നിര്‍ത്തിവച്ചു വലതുകൈമുട്ട് കുടത്തിനു മുകളില്‍ താങ്ങി വലതുകൈവിരലുകള്‍ ഉപയൊഗിച്ചു് കമ്പികള്‍ തമ്മില്‍ ഒരല്പം ഇടവേള കൊടുത്തു് ക്രമത്തില്‍ മീട്ടണം. മധ്യസ്ഥായി പഞ്ചമത്തില്‍ നടുവിരല്‍ കൊണ്ടു മീട്ടിത്തുടങ്ങി ചൂണ്ടുവിരല്‍ ഉപയോഗിച്ചു താരസ്ഥായി ഷഡ്ജങ്ങളും മദ്ധ്യസ്ഥായി ഷഡ്ജവും മീട്ടിക്കഴിഞ്ഞാല്‍ വീണ്ടും നടുവിരല്‍ ഉപയോഗിച്ചു മദ്ധ്യസ്തായി പഞ്ചമം എന്ന ക്രമത്തില്‍ ആവര്‍ത്തിച്ചു വേണം വായിക്കുവാന്‍.

ഇതു ശ്രദ്ധിച്ചു കേട്ടാല്‍ പസസസ എന്നു നാലാവര്‍ത്തി മീട്ടുന്നതു മനസ്സിലാക്കാന്‍ സാധിക്കും.


ഇലക്ട്രോണിക്‍ ശ്രുതിപ്പെട്ടിയില്‍ നാലു ശ്രുതിസ്ഥാനങ്ങളും ഒരുമിച്ചാണു് കേള്‍ക്കാന്‍ കഴിയുക. തമ്പുരുവിലാണെങ്കില്‍ ഓരോ ശ്രുതിയും ഇടവിട്ട് ഒന്നിനു പുറകെ ഒന്നായി മീട്ടുമ്പോള്‍ ഓരോ സ്വരങ്ങളും കുറച്ചു നേരം മുഴങ്ങുന്നുവെന്നു മാത്രമല്ല പ്രകമ്പനം കുറഞ്ഞു വരുമ്പോള്‍ പഞ്ചമം തീവ്രഋഷഭം വരെയും മന്ദ്രം അന്തരഗാന്ധാരം വരെയും ധ്വനിക്കുന്നു. പാട്ടുകാരനും ശ്രുതിയില്‍ ലയിച്ചു പാടുവാന്‍ ഇതു ആവേശവും പ്രചോദനവും നല്‍കുന്നു. ശ്രതിപ്പെട്ടിയിലോ ഹാര്‍മോണിയത്തിലോ അതു് അസാദ്ധ്യമാണു്.

ശ്രുതിശുദ്ധം
സ്വരങ്ങള്‍ എന്ന താള്‍ വായിച്ചു കഴിയുമ്പോള്‍ ദ്വാദശസ്വരങ്ങള്‍ക്കു് ഓരോന്നിനും അതാതിന്റെ സ്ഥാനം ഉണ്ടെന്നു മനസ്സിലാവും. വ്യക്തമായി ആ സ്ഥാനത്തു നിന്നും മുകളിലോട്ടോ താഴോട്ടോ ചലിക്കാതെ അതാതു് സ്വരങ്ങള്‍ അവയുടെ സ്ഥാനത്തു തന്നെ പാടുന്ന രീതിയ്ക്കാണു് ശ്രുതിശുദ്ധമായി പാടുക എന്നു പറയുന്നതു്.

ശ്രുതിഭേദം

ശ്രുതിയില്‍ സ്വരം ചേര്‍ക്കുമ്പോള്‍ ഷഡ്ജത്തിന്റെ സ്ഥാനം ഷഡ്ജത്തില്‍ ചേര്‍ക്കുന്നതിനു പകരം ഋഷഭത്തിലോ മറ്റേതെങ്കിലും സ്വരത്തിന്റെ ശ്രുതിയിലോ ചേര്‍ത്തു മറ്റു സ്വരങ്ങള്‍ അതിനനുസരിച്ചു ശ്രുതിമാറ്റി പാടുമ്പോള്‍ രാഗം തന്നെ മാറ്റം വരുന്നു. ഈ പ്രക്രിയയ്ക്കാണു് ശ്രുതിഭേദം വരുത്തി പാടുക എന്നു പറയുന്നതു്.

സ്വരങ്ങളുടെ ശ്രുതിസ്ഥാനം മേളകര്‍ത്താരാഗങ്ങളുടെ അടിസ്ഥാന രാഗങ്ങളില്‍


Free download of all Tanpura Sruthi

No comments:

Post a Comment

Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.